1730 ൽ ലണ്ടനിലെ ബിർച്ചിൻ ലെയിനിലെ ഓൾഡ്‌ടോംസ് കോഫീ ഹൌസാണ് രംഗം. കുറച്ചാളുകളുടെ നടുവിൽ ഇരുന്നുകൊണ്ട് ഒരാൾ പഴയ കപ്പൽ കഥകൾ തട്ടിവിടുകയാണ്. ഒട്ടേറെ യാത്രകൾ ചെയ്തിട്ടുള്ള ആളാണ് അതെന്ന് മുഖം കണ്ടാൽ തന്നെ അറിയാം. ആരാണയാൾ ? ...... കോഫീ ഹൌസിലേയ്ക്ക് പുതുതായി എത്തിയ ഒരു സന്ദർശകൻ ആളുകളോട് ചോദിച്ചു . അത് റോബിൻ എന്ന റോബർട്ട് ഡ്രൂറിയാണ് . പഴയൊരു നാവികൻ. ഇയാൾ പണ്ട് ആഫ്രിക്കയിലെവിടെയോ ആയിരുന്നു. അടുത്ത് കൂടിയാൽ രസമുള്ള കഥകൾ കേൾക്കാം . ശരിയാണൊന്നു മാത്രം ചോദിക്കരുത് " ചിരിച്ചുകൊണ്ട് അടുത്ത ടേബിളിൽ ഇരുന്നയാൾ മറുപടി പറഞ്ഞു . പക്ഷേ ഈ സമയത്തും റോബിൻ കഥ തുടരുകയായിരുന്നു . "മുങ്ങിയ കപ്പലിൽ നിന്നും അവസാനം തോണിയിലേക്ക് കാലെടുത്ത് വെച്ചത് ക്യാപ്റ്റൻ ആയിരുന്നു . കയ്യിൽ മുറുകെ പിടിച്ചിരുന്ന പെട്ടിയിൽ ഉണ്ടായിരുന്നത് സൂക്ഷിച്ചു വെച്ചിരുന്ന അദ്ദേഹത്തിൻ്റെ പിതാവിന്റെ ഹൃദയം ആയിരുന്നു! രാത്രിയായി തുടങ്ങി . ദൂരെ പലയിടങ്ങളിലും തീക്കുണ്ഡങ്ങൾ എരിയുന്നുണ്ട്. അത് ദ്വീപിലെ നാട്ടുകാരാണോ, അതോ ഇനി നരഭോജികൾ വല്ലതുമാണോ? അറിയില്ല “
1697 നവംബർ 18 ന് കോഴിക്കോടൻ തീരത്തുള്ള വെള്ളിയാംകല്ലിന് സമീപത്ത് നിന്നും സ്കോട്ടിഷ് പൈറേറ്റ് ക്യാപ്റ്റൻ വില്ല്യം കിഡ് റൂപ്പറൽ എന്ന് പേരുള്ള ഒരു കപ്പൽ പിടികൂടുകയും, ഭൂരിഭാഗം നാവികരെയും ബോട്ടിൽ ഇറക്കിവിട്ടശേഷം അതിന്റെ പേര് നവംബർ എന്നാക്കി മാറ്റി കപ്പൽ തങ്ങളുടെ കൈവശം വെയ്ക്കുകയും ചെയ്തു. ഇനി കിഡിനു വേണ്ടത് പുതിയ കപ്പലായ നവംബറിലേക്ക് കൂടുതൽ നാവികരെയാണ്. കൂടാതെ ഇപ്പോൾ കപ്പലിൽ ഉള്ള കുഴപ്പക്കാരെ എവിടെയെങ്കിലും ഇറക്കി വിടുകയും ചെയ്യണം. അതിന് പറ്റിയ ഒരു സ്ഥലം മലബാർ തീരത്ത് തന്നെ കുറേക്കൂടി തെക്കോട്ട് മാറി തന്നെ ഉണ്ടായിരുന്നു. അക്കാലത്ത് Smuggler’s Den അല്ലെങ്കിൽ കൊള്ളക്കാരുടെ തുറമുഖം എന്നറിയപ്പെട്ടിരുന്ന ഒരു സ്ഥലം മലബാർ തീരങ്ങളിൽ ഉണ്ടായിരുന്നു. കല്ലികോയ്ലോൺ (Kalliquilon) എന്ന പേരിലാണ് യൂറോപ്പിൽ ആ സ്ഥലം അറിയപ്പെട്ടിരുന്നത്.
--------
34:20
--------
34:20
Malabar Pirates - 2
കടൽകൊള്ളക്കാരെ പിടിക്കാനിറങ്ങി അവസാനം ഒരു കടൽക്കൊള്ളക്കാരൻ തന്നെ ആയി മാറിക്കൊണ്ടിരിക്കുന്ന സ്കോട്ടിഷ് പൈറേറ്റ് ക്യാപ്റ്റൻ വില്ല്യം കിഡ് 1697 ൽ കർണാടകയിലെ കാർവാർ തുറമുഖത്ത് എത്തുകയും, അവിടെ ഇറങ്ങുകയും ചെയ്തു. താൻ ഇപ്പോഴും രാജാവിന് വേണ്ടി തന്നെയാണ് പ്രവർത്തിക്കുന്നത് എന്ന് കാരവാറിലെ ഇംഗ്ലീഷ് അധികാരികളെ കിഡ് ബോധ്യപ്പെടുത്തിയെങ്കിലും, കിഡിന്റെ കപ്പലായ അഡ്വഞ്ചറിൽ നിന്നും രക്ഷപെട്ട ചിലർ കിഡ്, മേരി എന്ന ഇംഗ്ലീഷ് കപ്പൽ ആക്രമിച്ച് ക്യാപ്റ്റനെയും, മറ്റൊരാളെയും തടവുകാരാക്കി വെച്ചിരിക്കുകയാണ് എന്നുള്ള സത്യം ഈസ്റ്റ് ഇന്ത്യ കമ്പനി അധികാരികളെ അറിയിക്കുക തന്നെ ചെയ്തു. ഇതേ സമയം കിഡ് പിടിച്ചെടുത്ത കപ്പലിൽ ഉണ്ടായിരുന്ന പോർച്ചുഗീസ് പുരോഹിതന്മാർ വഴി ഗോവയിലുണ്ടായിരുന്ന പോർട്ടുഗീസ് അധികാരികൾ കിഡ് ഒരു ഇംഗ്ലീഷ് പൈറേറ്റ് ആണെന്നുള്ള കാര്യം തിരിച്ചറിഞ്ഞു. അതോടുകൂടി അവർ കിഡിനെ പിടികൂടുവാനായി രണ്ട് പോർട്ടുഗീസ് പടക്കപ്പലുകളെ കാരവാറിലേക്ക് അയച്ചു. 1697 സെപ്റ്റംബർ 13 ന് വൈകുന്നേരമാണ് രണ്ട് പോർച്ചുഗീസ് പടക്കപ്പലുകൾ കാരവാറിലേക്ക് വരുന്നുണ്ട് എന്ന വിവരം കിഡിനു ലഭിച്ചത്. രാത്രി തന്നെ കിഡ് അഡ്വഞ്ചറിന്റെ നങ്കൂരമെടുക്കുവാൻ ഉത്തരവിട്ടു. കാർ സ്റ്റാർട്ട് ചെയ്തു പോകുന്നത് പോലെ എളുപ്പമുള്ള പണിയല്ല, ഒരു കപ്പൽ തുറമുഖം വിടുക എന്നത്. എന്നാൽ അപകടം മനസ്സിലാക്കിയ അഡ്വഞ്ചറിലെ നാവികർ തുടർച്ചയായി പണിയെടുക്കുകയും രാത്രിയോടെ കപ്പലിനെ അഴിമുഖത്ത് നിന്നും പുറംകടലിലേക്ക് മാറ്റുവാൻ അവർക്ക് സാധിക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ ഉദിച്ചുയർന്ന സൂര്യന്റെ ആദ്യ കിരണം പ്രകാശിച്ചപ്പോൾ തന്നെ തൊട്ടരികിൽ രണ്ട് പോർട്ടുഗീസ് കപ്പലുകൾ എത്തിയിരുന്നത് കണ്ട് കിഡും കൂട്ടരും ഞെട്ടി.
--------
28:08
--------
28:08
Malabar Pirates -1
Story of Captain Kiddമുന്നൂറു വർഷങ്ങൾക്ക് മുൻപ് അമേരിക്കയുടെ അറ്റ്ലാന്റിക് തീരത്തുള്ള ലോങ്ങ് ഐലൻഡ് എന്ന ദ്വീപിലെ ഒരു രാത്രി. ഇരുളിന്റെ മറവിൽ ഒരുകൂട്ടം ആളുകൾ ഒരു പ്രത്യേക സ്ഥലം ലക്ഷ്യമാക്കി നീങ്ങുകയാണ്. നിലാവെളിച്ചത്തിൽ അവരുടെ ഭീതിനിറഞ്ഞ മുഖങ്ങൾ വ്യക്തമായി കാണുവാൻ സാധിക്കും. അവർ പരസ്പരം ഒരക്ഷരം ഉരിയാടാതെയാണ് മുന്നോട്ട് നടക്കുന്നത് . അതിനൊരു കാരണവുമുണ്ട്. ഒന്ന് രണ്ട് ദിവസങ്ങൾക്ക് മുൻപ് ഇക്കൂട്ടത്തിലെ ഒരാൾ ഒരു മന്ത്രവാദിയെ കണ്ടിരുന്നു. അയാളാണ് നിധിയിരിക്കുന്ന സ്ഥലം അവർക്ക് വെളിപ്പെടുത്തി കൊടുത്തത്. പക്ഷേ അതിനൊരു കുഴപ്പമുണ്ട്. ആ നിധി കുപ്രസിദ്ധ കടൽക്കൊള്ളക്കാരൻ ക്യാപ്റ്റൻ വില്യം കിഡ്ഡിന്റേത് ആണ്. തന്റെ ആത്മാവിനെ പിശാചിന് വിറ്റ ഭീകരനാണ് അയാൾ. അതുകൊണ്ട് തന്നെ പൈശാചിക ശക്തികളാണ് അയാളുടെ നിധിക്ക് കാവലിരിക്കുന്നത്. പരസ്പരം സംസാരിച്ചാൽ ആ ശക്തികൾ ഉണരുകയും നിധി എടുക്കാൻ ശ്രമിക്കുന്നവരെ അപായപ്പെടുത്തുകയും ചെയ്യും. ഇക്കാരണങ്ങൾകൊണ്ടാണ് ആ ഭാഗ്യാന്വേഷികൾ ഒരക്ഷരം ഉരിയാടാതെ രാത്രിയുടെ മറവിൽ നിധിയിരിക്കുന്ന സ്ഥലം ലക്ഷ്യമാക്കി നീങ്ങുന്നത്. മുന്നിൽ നീങ്ങുന്ന ആളുടെ കയ്യിൽ മാത്രം ഒരു റാന്തൽ പ്രകാശിക്കുന്നുണ്ട്. കോടാലിയും, മൺവെട്ടിയുമൊക്കെയാണ് മറ്റുള്ളവരുടെ കൈവശമുള്ളത്. ഏതാണ്ട് അഞ്ചടി താഴേയ്ക്ക് കുഴിച്ചപ്പോൾ തന്നെ അവർക്ക് ഓക്ക് തടി കൊണ്ടുണ്ടാക്കിയ ഒരു പെട്ടി കാണുവാൻ സാധിച്ചു. ഇരുമ്പ് പ്ലേറ്റുകൾ കൊണ്ട് പൊതിഞ്ഞ പുറംചട്ടയായിരുന്നു അതിന് ഉണ്ടായിരുന്നത്. അതിന്റെയുള്ളിൽ അനേകം സ്വർണ്ണനാണയങ്ങളും ഉണ്ടായിരുന്നു. സ്വർണ്ണനാണയങ്ങളുടെ പ്രഭ കണ്ട് കണ്ണ് മഞ്ഞളിച്ചു പോയ ഒരാളുടെ വായിൽ നിന്നും അറിയാതെ രണ്ട് വാക്കുകൾ പുറത്തേക്ക് വീണുപോയി. Thank God! അതുകേട്ട് മറ്റുള്ളവർ ഞെട്ടലോടെ അയാളെ ഒന്ന് നോക്കി. മന്ത്രവാദി പറഞ്ഞ വ്യവസ്ഥ തെറ്റിയിരിക്കുന്നു!